"ഗുരുക്കന്മാർ"
ഓർമ്മകൾ 5
പ്രീഡിഗ്രി രണ്ടാം വർഷ പഠന കാലത്താണ് സമപ്രായക്കാരായ ചില ഗുരു സ്ഥാനീയരെ കണ്ടെത്തുന്നത് .
കണ്ടെത്തുന്നത് എന്ന വാക്കു ശരിയല്ല . അവർ ശിഷ്യനായി എന്നെ കണ്ടെത്തുന്നത് .
ഹോസ്റ്റലിൽ നിന്നും വാർഡൻ അറിയാതെ , ഒപ്പം ഗേറ്റ് കീപ്പർ അറിയാതെ മതില് ചാടി സിനിമയ്ക്ക് പോകാനും തിരിക കയറാനുമുള്ള വിദ്യ പകർന്നു തന്ന ഇന്ന് ദുബായിൽ ജോലി ചെയ്യുന്ന അടൂരുകാരൻ റെജി ഡാനിയൽ .
ജീവിതത്തിൽ ആദ്യമായി മദ്യം കഴിക്കുവാൻ കോട്ടയം കെ എസ് ആർ ടി സി സ്റ്റാൻഡിനടുത്തുള്ള അർക്കാഡിയ എന്ന ബാറിലേക്ക് ക്ഷണിച്ചു ആ മധു പകർന്നു തന്ന അനിൽ പീറ്റർ എന്ന ഗുരു . അഞ്ചൽപ്പെട്ടിക്കാരൻ അനിൽ പീറ്റർ അന്ന് ബസേലിയസിൽ പഠിക്കുന്നു . താമസം ഞങ്ങളോടൊപ്പം എം ഡി ഹോസ്റ്റലിൽ .മുൻ എം എൽ എ യുടെ മകൻ .
എന്തായാലും ആദ്യ മദ്യ പരീക്ഷണം വിജയിച്ചില്ല .ആ കയ്പ്പിനോടും കവർപ്പിനോടും വെറുപ്പാണ് തോന്നിയത് . ആ കാലയളവിൽ ആ ഉദ്യമം ഒറ്റ ദിവസത്തിൽ അവസാനിച്ചു .
എഞ്ചിനീയറിംഗ് ഒന്നാം വർഷത്തിലാണ് രണ്ടാം ഗുരുവിൻറ്റെ കടന്നു വരവ് . അദ്ദേഹം കാര്യങ്ങൾ വിശദമായി ചോദിച്ചു മനസ്സിലാക്കി . ഉത്തരവും തന്നു .
ഇതൊക്കെ സഹജം .പക്ഷേ പരാജയപ്പെട്ടു പിന്നോട്ടു പോകരുത് . തുടക്കത്തിൽ വെള്ളമല്ല ചേർക്കേണ്ടത് . മധുരമുള്ള കളർ സോഡാ . അപ്പോൾ നിൻറ്റെ ഈ കവർപ്പും കയ്പ്പും പ്രശ്നങ്ങളൊക്കെ തീരും .
അങ്ങനെ ആ മഹാനുഭാവനായ രണ്ടാം ഗുരു ശ്രീ കുര്യൻ പി മാത്യൂസിൻറ്റെ വാക്കുകളുടെ വിശ്വാസത്തിൽ വീണ്ടും മാറത്തഹള്ളി ബാറിലേക്ക് . കോഡേസ് റമ്മിൽ കളർ സോഡാ കലർത്തി ഗുരു ആ പാന ജലം തന്നു .
അദ്ദേഹത്തെ രണ്ടാം ഗുരുവെന്നു വിളിക്കാൻ ഞാൻ തയ്യാറല്ല .കാരണം വിൽസ് ഫ്ലേക്ക് സിഗരറ്റു വാങ്ങി തന്നു , ചുമയ്ക്കാതെ വലിക്കുവാനുള്ള അടവും പഠിപ്പിച്ചത് ആ ചേകവർ തന്നെ .
ഞങ്ങൾ ഏഴു പേര് അന്ന് വിജയ നഗറിലുള്ള ബാപ്പുജി ലേ ഔട്ടിൽ ഒരു വീട് വാടകയ്‌ക്കെടുത്താണ് താമസം . മദ്യപിച്ചെത്തിയ ഞങ്ങളെ ക്ഷുദ്ര ജീവികളെപ്പോലെ മറ്റുള്ളവർ കണ്ടു . പക്ഷെ കാലത്തിൻറ്റെ യാത്രയിൽ അവരും ക്ഷുദ്ര ജീവികളായി . പരിസ പ്രദേശങ്ങളിൽ താമസിക്കുന്ന മറ്റു ക്ഷുദ്ര ജീവികൾ 'കീടനാശിനികൾ' വാങ്ങി ഞങ്ങളുടെ വീട്ടിലെത്തി . ഞങ്ങൾ വാങ്ങി അവരുടെ വീടുകളിലും .
എന്തൊക്കെ പറഞ്ഞാലും പ്രിയപ്പെട്ട അനിൽ പീറ്റർ ഗുരുവേ , കുര്യൻ ഗുരുവേ , വല്ലപ്പോഴും മദ്യപിക്കുമ്പോഴും , പുക വലിക്കുമ്പോഴും ഗുരുക്കന്മാരെ ഞാൻ ഓർക്കാറുണ്ട് . ഗുരു വന്ദനം നടത്താറുണ്ട് .
പ്രീഡിഗ്രി കാലത്തേയ്ക്ക് ഒരു തിരികെ യാത്ര ...
മലയാളം ഡിഗ്രിക്കു ചേരണമെന്ന ആഗ്രഹം എന്നിൽ . പറ്റുമെങ്കിൽ മഹാരാജാസ് . അല്ലെങ്കിൽ ആർട്സ് കോളേജ് തിരുവനന്തപുരം . ലക്‌ഷ്യം സിനിമയിലേക്കുള്ള ചേക്കേറൽ . പക്ഷേ അച്ഛന് താല്പര്യം എഞ്ചിനീയറിംഗ് . അച്ഛൻ ഗുണങ്ങൾ നിരത്തി . ഇനി സിനിമയാണ് നിർബന്ധമെങ്കിൽ എൻജിനീയറിംഗ് ഡിഗ്രി കഴിഞു നിനക്ക് പൂനയിലോ മറ്റോ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ ചേരാം . ഞാൻ സമ്മതിച്ചു .
അപ്പോഴാണ് പ്രീഡിഗ്രി ഹിന്ദി പരീക്ഷ ...ഒരു പുലിവാൽ ...
ബാക്കി എല്ലാ സബ്‌ജക്റ്റും തരക്കേടില്ലാതെ അറിയാം ...
ഒന്നാം വർഷ ഹിന്ദിക്ക് നല്ല മാർക്കുമുണ്ട് .
പക്ഷെ രണ്ടാം വർഷ ഹിന്ദി പുസ്തകം തുറന്നു പോലും നോക്കിയിട്ടില്ല .
'ജീവൻ ജ്യോതി' എന്നായിരുന്നു പുസ്തക തലക്കെട്ട് എന്ന് ഒരോർമ്മ .
പരീക്ഷ തലേന്ന് ആ തലേക്കെട്ടുള്ള പുസ്തകവുമായി തലയിൽ കൈ വെച്ച് ഞാനും . ഒരു മാർഗ്ഗം കണ്ടെത്തി . സുഹൃത്ത് സി റ്റി എബ്രഹാമിനെ ചെന്ന് കണ്ടു കാര്യം ബോധിപ്പിച്ചു . എല്ലാ പാഠത്തിൻറ്റെയും കഥയൊന്നു മലയാളത്തിൽ പറഞ്ഞു തരണം . ഇനി വായിച്ചു തീർക്കാൻ സമയമില്ല . നല്ലവനായ ആ കൂട്ടുകാരൻ സമയം കണ്ടെത്തി കഥ പറഞ്ഞു തന്നു . ഞാൻ മലയാളത്തിൽ കഥയുടെ ഒരു 'വൺ ലൈൻ' ചുരുക്കത്തിൽ എഴുതിയെടുത്തു ......
ചോദ്യ പേപ്പർ കയ്യിൽ കിട്ടി . എൻറ്റെ ഭാഗ്യമോ , അതോ എന്നെപ്പോലെയുള്ള ഏതോ മകൻറ്റെ അമ്മയായ ഒരു ഹിന്ദി ടീച്ചർക്ക് ചോദ്യങ്ങൾ തയാറാക്കുമ്പോൾ ഞങ്ങളെപ്പോലെയുള്ള അടിയുടെ കുറവുള്ള വിദ്യാർത്ഥികൾക്ക് ഒരു ഉപകാരമാകട്ടെ എന്നുള്ള കരുതലോ ? ? ...
ചരിത്രത്തിലാദ്യമായി എട്ടാം ക്ലാസ്സിൽ ചോദിക്കാറുള്ള ഒരു ചോദ്യം ആദ്യം ...
ഓണത്തെക്കുറിച്ചു ഒരു ഉപന്യാസം ........
'ഓണം കേരള കാ ദേശിയ ത്യോഹാർ ഹെ ....ശ്രാവൺ മഹിനെ മേം അത്താ ഹെ ......അത്തം സെ ദസ് ദിൻ പഹേലെ ഓണം അത്താ ഹെ ....എന്ന് വേണ്ട .....അങ്ങ് വെച്ചു കസറി .'
മറ്റു ചോദ്യങ്ങൾക്കു സി റ്റി എബ്രഹാമിൻറ്റെ മലയാളം കഥകൾക്ക് എൻറ്റെ വക ഹിന്ദി പരിഭാഷ .....
എന്തായാലും നേടി ....റിസൾട്ട് വന്നപ്പോൾ ഹിന്ദിയും ജയിച്ചു ...വലിയ പരിക്കില്ലാതെ ....
ആ വിജയത്തിന് മറ്റു രണ്ടു പേരോടുകൂടി ഞാൻ കടപ്പെട്ടിരിക്കുന്നു .
ഹൈസ്കൂൾ ക്‌ളാസ്സുകളിൽ എന്നെ ഹിന്ദി പഠിപ്പിച്ച ദേവകി റ്റീച്ചറിനോടും , വീട്ടിലിൽ വിളിച്ചു വരുത്തി ഹിന്ദി പഠിപ്പിച്ച ഹൈസ്കൂളിലെ തന്നെ സുമതി ടീച്ചറിനോടും .................
No comments:
Post a Comment