Wednesday, December 4, 2019

ഓർമ്മകൾ (2)

ഞാൻ സി എം എസ്സ് കോളേജിൽ പ്രീഡിഗ്രിയ്ക്ക് ചേരുമ്പോൾ എൻറ്റെ മൂത്ത സഹോദരി ,ഞാൻ അക്ക എന്ന് വിളിക്കുന്ന സിന്ധു , അതേ കോളേജിൽ ഡിഗ്രി രണ്ടാം വർഷം . അക്ക താമസം ലീ ഹോസ്റ്റലിൽ . ഞാൻ താമസിക്കുന്നത് എം ഡി ഹോസ്റ്റലിൽ .

ലീ ഹോസ്റ്റൽ സി എം എസ്സ് കോളേജ് നേരിട്ട് നടത്തുന്ന പെൺകുട്ടികളുടെ ഹോസ്റ്റൽ .

ഞാൻ കോളേജിൽ എത്തുന്നതിനു രണ്ടു വർഷം മുൻപ് തന്നെ കോളേജ് നേരിട്ട് നടത്തിയിരുന്ന ആൺകുട്ടികുളുടെ ഹോസ്റ്റൽ , 'ആസ്ക് വിത്ത് ഹോസ്റ്റൽ '.....ഞങ്ങളുടെ സീനിയർ വിദ്യാർത്ഥികളുടെ ആത്മാർത്ഥ പ്രവർത്തനങ്ങൾ മൂലം പൂട്ടിക്കെട്ടി .

കേട്ട കഥകൾ ശരിയെങ്കിൽ പുലർച്ചെ രണ്ടര മണിക്ക് , ഗാഢ ഉറക്കത്തിൽ കിടക്കുന്ന അദ്ദേഹത്തെ ജനാല വഴി ഒരു ഈറ്റ കൊണ്ട് തോണ്ടി , വിളിച്ചുണർത്തി ഈറ്റയുടെ അറ്റത്തു കെട്ടിയിരുന്ന ചൊറിത്തവളയുടെ ജന്തു ശാസ്ത്ര പരമായ പേര് ആ ശാസ്ത്രം പഠിപ്പിക്കുന്ന ആ അദ്ധ്യാപകനോട് അന്വേഷിച്ചു വെന്നും ........

പിന്നീടൊരിക്കൽ വാർഡന് ഹൃദയ സംബന്ധമായ എന്തോ ചെറിയ അസ്ക്കിത ഉണ്ടായിരുന്നുവെന്നും , അത് മനസ്സിലാക്കിയ ആ കുഞ്ഞുങ്ങൾ അദ്ദേഹത്തിൻറ്റെ മുറിയിൽ അദ്ദേഹം ഉറങ്ങവേ അമിട്ട് പൊട്ടിച്ചുവെന്നും...

അങ്ങനെ അങ്ങനെ അങ്ങനെ പല കലാപരിപാടികൾക്കൊടുവിൽ ആ ഹോസ്റ്റൽ അടച്ചു പൂട്ടുവാൻ തീരുമാനയെന്നും .......

ലീ ഹോസ്റ്റലിലെ വാർഡൻ അന്ന് 'മിസ്സ് മേരി' എന്ന വളരെ പ്രഗത്ഭയായ , ഒപ്പം കുട്ടികളുടെ പേടി സ്വപ്നമായ , അധ്യാപകവൃത്തിയിൽ വളരെ പരിചയ സമ്പന്നയായ കണക്ക് അദ്ധ്യാപിക .

എൻറ്റെ അമ്മയെ സി എം എസ്സ് കോളേജിൽ പഠിപ്പിച്ച അദ്ധ്യാപിക .

മിസ്സ് മേരി മാഡം അക്കയെ ഹോസ്റ്റലിൽ വെച്ച് കണ്ടപ്പോൾ ചോദിച്ചു . എടി ...ലക്ഷ്മികുട്ടിയെ കണ്ടപ്പോൾ നിൻറ്റെ അനിയനെ ഇവിടെ ചേർക്കാണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞല്ലോ ? അവൻ ചേർന്നോ ? ഏതാ ഗ്രൂപ്പ് ?

ചേർന്നു മാഡം ....ഫസ്റ്റ് ഗ്രൂപ്പ് , അക്ക മറുപടി പറഞ്ഞു .......

"എന്നാൽ നാളെ മുതൽ കാലത്തെ ഏഴു മണിക്ക് അവനോടു ഇങ്ങോട്ടു ട്യൂഷന് വരാൻ പറഞ്ഞേക്കണം" ....

മാഡം പറഞ്ഞു നടന്നു .......

അക്ക എന്നോട് വിവരം പറഞ്ഞു ......

സംഭവം ലേഡീസ് ഹോസ്റ്റലിലാണ് ട്യൂഷൻ . ആലോചിക്കുമ്പോൾ ഒരു സുഖമുണ്ട് ....പക്ഷേ "മിസ്സ് .മേരി "

ആകെ ചങ്കിടിപ്പായി ......

പോവാതെ വേറെ ഒരു തരവും ഇല്ല .......

അങ്ങനെ കാലത്തെ എഴുന്നേറ്റു നോട്ടു ബുക്കുമായി ലേഡീസ് ഹോസ്റ്റലിലേക്ക് .....

ഇരുപത്തിയഞ്ചോളം കുട്ടികൾ . ഇരുപത്തിഒന്നും പെൺകുട്ടികൾ ...

ഞങ്ങൾ നാലു പേർ ആൺകുട്ടികൾ ...........പിൻ ബഞ്ചിൽ

എന്നെ മാഡം പരിചയപ്പെടുത്തിയത് ഇങ്ങനെ ..

ഇവൻ ശങ്കറ് ....ഇവൻറ്റെ പെങ്ങളിവിടെ ഡിഗ്രിക്ക് പഠിക്കുന്നുണ്ട് ...ഇവൻറ്റെ അമ്മയേയും ഞാൻ പഠിപ്പിച്ചിട്ടുള്ളതാ ......

മിസ് മേരി മാഡം അകത്തെ മുറിയിൽ നിന്നും ക്ലാസ്സ് എടുക്കുവാൻ അകത്തെ വാതിൽ തുറന്നു എത്തുന്നതുവരെ പോലും ആരും പരസ്പരം സംസാരിക്കില്ല . നിശബ്ദത ......

സത്യത്തിൽ പ്രീ ഡിഗ്രി ഒന്നാം വർഷം അല്പമെങ്കിലും ഞാൻ കഷ്ട്ടപ്പെട്ടു പഠിച്ചിട്ടുണ്ടെങ്കിൽ അത് കണക്കു മാത്രം . മുന്നോട്ടുള്ള അധ്യായങ്ങൾ വരെ പഠിപ്പിക്കുന്നതിന് മുൻപേ പഠിച്ചു വെക്കും .

പേടി കൊണ്ട് .........

അങ്ങനെ ആ വർഷം കഴിഞ്ഞു ....

രണ്ടാം വർഷമായി .......

റിസൾട്ട് വന്നു ...എല്ലാ വിഷയവും കഷ്ടി ഞാൻ കടന്നു കൂടി ...കണക്കിന് ആകട്ടെ മുഴുവൻ മാർക്കും ......

പിറ്റേ വർഷവും ട്യൂഷൻ അന്വേഷിച്ചു ഞങ്ങൾ നാല് പേരും ലീ ഹോസ്റ്റലിലെ കയറിച്ചെല്ലുന്ന മുറിയുടെ വാതിക്കലെത്തി ........

മറ്റു മൂന്നു പേർക്കും തരക്കേടില്ലാത്ത മാർക്ക് ഉണ്ട് . എല്ലാ വിഷയവും കൂട്ടി നോക്കിയാൽ ഏറ്റവും കുറവ് എനിക്ക് . ആ നാല് പേരിൽ കണക്കിന് എനിക്ക് മാത്രം മുഴുവൻ മാർക്കും .

ഇറങ്ങിവന്ന മിസ് മേരി മാഡം ഉച്ചത്തിൽ കോപത്തോടെ പറഞ്ഞു . നീയൊന്നും ഇനി ഇങ്ങോട്ടു വരേണ്ട . ഞാൻ പഠിപ്പിച്ച എല്ലാ പെൺപിള്ളേർക്കും നൂറിൽ നൂറാ ...ഇവിടിനി നിനക്കൊന്നും ട്യൂഷനില്ല ...

മറ്റു പെൺകുട്ടികൾ കാൺകെ ദയനീയ ഭാവത്തിൽ ഞങ്ങൾ ആ ഹോസ്റ്റലിൻറ്റെ പടിയിറങ്ങി ....

തിരിഞ്ഞു നോക്കുമ്പോൾ ആ ഹോസ്റ്റൽ ഗേറ്റ് മെല്ലെ കണ്ണിൽ നിന്നും മറഞ്ഞു ....

പിന്നെ സംഭവിച്ചത് അപ്രതീക്ഷിതം ...

"അളിയാ ...മച്ചു രക്ഷപെട്ടടാ" കെട്ടിപ്പിടുത്തവും വിസിലടിയും സന്തോഷ പ്രകടനവും .....................

ആ സന്തോഷം എനിക്ക് മാത്രം അധികം നീണ്ടുനിന്നില്ല ..............

അക്ക എന്നെ കാണാൻ ക്ലാസ്സിലെത്തി ...

'മിസ് മേരി പറഞ്ഞു , നീ നാളെ മുതൽ കാലത്തെ അവിടെ എത്തിക്കോളണമെന്ന് '

രക്ഷപെടാൻ പലതും ഞാൻ അക്കയോട് പറഞ്ഞു നോക്കി ...നോ രക്ഷ ...

അങ്ങനെ സെക്കൻഡ് ഇയർ.... കണക്കു ബുക്കും പേനയുമായി കാലത്തെ ഞാൻ ലീ ഹോസ്റ്റലിലേക്ക് ...

മൂഷികൻ വീണ്ടും മൂഷികനായപോലെ

മുൻ സീറ്റുകളിൽ ഇരുപത്തിയൊന്ന് പെൺകുട്ടികളും

പിൻ സീറ്റിൽ ഞാനും .....................

No comments:

Post a Comment